കുടുംബം

കുടുംബജീവിതം

ജനനംകൊണ്ടോ വിവാഹം കൊണ്ടോ സംഘടനാരൂപമാര്‍ജിക്കുന്ന സമൂഹത്തിന്റെ പ്രാഥമിക ഘടകമാണ് കുടുംബം. കുടുംബത്തിന്റെ പ്രധാന ലക്ഷ്യം കുട്ടികളുടെ സംരക്ഷണവും അവരെ ഭദ്രതയും സംതൃപ്തിയുമുള്ള ജീവിതം നയിക്കുന്നതിന് പ്രാപ്തരാക്കലുമാണ്. ജീവിതത്തില്‍ ഏറ്റവും ദുര്‍ബലനായി പിറന്നുവീഴുന്നത് മനുഷ്യനാണ്. മറ്റു ജീവികള്‍ക്ക് പിറന്ന് അധികം കഴിയുന്നതിനുമുമ്പേ പരാശ്രയമില്ലാതെ ചലിക്കാനും ഇരതേടാനും കഴിയും. അങ്ങനെയാണ് അവയുടെ ജൈവഘടന. മനുഷ്യന് സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍തന്നെ വര്‍ഷങ്ങളോളം അന്യരെ ആശ്രയിക്കണം. സ്വന്തം കാലില്‍ നില്‍ക്കാനായാല്‍ പോലും മരണം വരെ ഏതെങ്കിലും തരത്തിലുള്ള പരാശ്രയം അവന് ആവശ്യമാണ്. വാര്‍ധക്യത്തില്‍, ശൈശവത്തിലെന്നപോലെ അവന്‍ തീര്‍ത്തും പരാശ്രിതനായി മാറുന്നു. അതിനാല്‍ വാര്‍ധക്യത്തിലെത്തുന്ന മാതാപിതാക്കളുടെ സംരക്ഷണവും കുടുംബത്തിന്റെ ഒരു പ്രധാന ലക്ഷ്യമാണ്. ചുരുക്കത്തില്‍ മാതാപിതാക്കള്‍ക്കും സന്താനങ്ങള്‍ക്കും ഒരു പോലെ സംരക്ഷണവും സംതൃപ്തിയും ഭദ്രതയും നല്‍കുന്ന ഒരു സാമൂഹ്യസ്ഥാപനം എന്നതാണ് കുടുംബത്തിന്റെ പ്രസക്തി.
ഉപജീവനവും പൊതുക്ഷേമവും ഉറപ്പുവരുത്തുന്ന സാമൂഹ്യസ്ഥാപനം മാത്രമല്ല കുടുംബം. അങ്ങനെയായിരുന്നുവെങ്കില്‍ മനുഷ്യനും ഇതര ജീവികളും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാകുമായിരുന്നില്ല. ഉപജീവനത്തിന് കുടുംബഘടനയെ ആശ്രയിക്കുന്ന സ്വഭാവം മനുഷ്യനല്ലാതെ മറ്റു ചില ജീവികളിലും കണ്ടുവരുന്നുണ്ട്. തേനീച്ച ഉദാഹരണമാണ്. യഥാര്‍ഥത്തില്‍ കുടുംബം മനുഷ്യനാഗരികതയുടെ ആണിക്കല്ലും അടിത്തറയുമാണ്.
നാഗരികതയെയും സംസ്കാരത്തെയും ചലിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന വ്യത്യസ്ത ചിന്താഗതികള്‍ കുടുംബസങ്കല്‍പ്പത്തെയും നിര്‍ണായകമായി സ്വാധീനിക്കാതിരിക്കില്ല. മനുഷ്യന്‍ പരിണമിച്ചുണ്ടായ കേവല ഭൌതികപദാര്‍ഥമാണെന്ന ഭൌതിക വാദത്തില്‍ രൂപം കൊള്ളുന്ന കുടുംബസങ്കല്‍പവും മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടിയും ഭൂമിയില്‍ അവന്റെ ഖലീഫ(പ്രതിനിധി)യുമാണെന്ന കാഴ്ചപ്പാടില്‍ നിന്നുത്ഭവിക്കുന്ന കുടുംബസങ്കല്‍പവും ഒന്നാവുകയില്ലല്ലോ. കുടുംബത്തെക്കുറിച്ച നരവംശശാസ്ത്രത്തിന്റെയും മതങ്ങളുടെയും സങ്കല്‍പങ്ങള്‍ ഭിന്നമാകുന്നതും ഈയൊരു തലത്തിലാണ്. കുടുംബത്തിന്റെ ഉത്ഭവത്തെയും പരിണാമത്തെയുംകുറിച്ച് ശാസ്ത്രം വ്യത്യസ്ത അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തുന്നു. മതങ്ങള്‍ താത്വികമായി ഏറെക്കുറെ ഒരേ ആശയമാണ് പങ്കുവെക്കുന്നത്.
കുടുംബത്തിന്റെ ഉത്ഭവത്തെക്കുറിച്ച് നരവംശ ശാസ്ത്രജ്ഞര്‍ക്ക് ഏകോപിച്ച അഭിപ്രായം ഇല്ല. കാര്‍ഷിക വൃത്തി അടിസ്ഥാനമാക്കിയുള്ള ജീവിതക്രമം വ്യാപകമായതോടെ മാത്രം രൂപപ്പെട്ടതാണ് കുടുംബം എന്ന് നരവംശ ശാസ്ത്രജ്ഞനായ ലൂയിസ് എച്ച് മോര്‍ഗന്‍ അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായപ്രകാരം പ്രാകൃത സമൂഹങ്ങളില്‍ സ്ത്രീയും പുരുഷനും ഇഷ്ടാനുസരണം രതിക്രീഡകളില്‍ ഏര്‍പ്പെടുമായിരുന്നു. പുരുഷമേധാവിത്വം വളര്‍ന്നതോടെയാണ് വ്യാമിശ്രമായ രതിക്രീഡയുടെ തോത് കുറഞ്ഞത്. മോര്‍ഗനെ ഉപജീവിച്ചുകൊണ്ട് എംഗല്‍സ് അഭിപ്രായപ്പെട്ടത്, ഉല്‍പ്പാദനോപാധികളുടെ നിയന്ത്രണത്തില്‍ വന്ന മാറ്റമാണ് കുടുംബത്തിന്റെ ആവിര്‍ഭാവത്തിന് കാരണമെന്നാണ്. പ്രാചീന ജനവര്‍ഗങ്ങളില്‍ പോലും വ്യാമിശ്രമായ രതിക്രീഡയ്ക്കു പകരം ഏകഭാര്യത്വവും ഏകഭര്‍തൃത്വവുമാണ് ഉണ്ടായിരുന്നതെന്ന് സമര്‍ഥിച്ചുകൊണ്ട് മോര്‍ഗനെ സമര്‍ഥമായി തിരുത്തുന്നുണ്ട് വെസ്റ് മാര്‍ക്. കൂട്ടവിവാഹവും വ്യാമിശ്രമായ രതിക്രീഡയും ഏതെങ്കിലും സമൂഹത്തില്‍ നിലനിന്നതിന് തെളിവില്ലെന്ന് മര്‍ഡോക്കും വിവാഹവും കുടുംബവും ഇല്ലാത്ത ഒരു വ്യവസ്ഥിതി ലോക ചരിത്രത്തില്‍ ഉണ്ടായിട്ടേയില്ലെന്ന് മലിനോവ്സ്കിയും അഭിപ്രായപ്പെട്ടത് ഈ വാദത്തിന് പിന്‍ബലമേകുന്നു.
വിവാഹവും കുടുംബജീവിതവും എല്ലാ മതങ്ങളും പവിത്രമായി കരുതുന്നു. സാമൂഹികഘടനയിലെ ആദ്യകണ്ണിയാണ് ഹിന്ദുമതത്തില്‍ കുടുംബം. അത് വിവാഹമെന്ന പവിത്രപ്രക്രിയയിലൂടെ കോര്‍ത്തിണക്കപ്പെടുന്നു. ഹിന്ദുമതത്തില്‍ വിവാഹജീവിതം ഏകപത്നീവ്രതത്തില്‍ അധിഷ്ഠിതമാണ്.
വൈദികവൃത്തിപോലെ പവിത്രമായ ഒന്നാണ് ക്രിസ്തുമതത്തില്‍ വിവാഹം. പുരുഷനെ പിതാവാകാനും സ്ത്രീയെ മാതാവാകാനുമാണ് ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്. വിവാഹത്തിലൂടെ മാതാപിതാക്കളാകുന്ന അവര്‍ ലോകാവസാനം വരെ മനുഷ്യവര്‍ഗത്തെ നിലനിര്‍ത്തുന്നു. സ്ത്രീയും പുരുഷനും പരസ്പരം സ്നേഹിക്കുക മാത്രമല്ല. മാതാപിതാക്കളെന്ന നിലയില്‍ കുടുംബത്തോടും മക്കളോടുമുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും വേണം.
ക്രിസ്തുവിന് സഭയിലും ലോകത്തിലും നിര്‍വഹിക്കാനുള്ള ദൌത്യത്തിന്റെ വിജയത്തിനായി സ്ത്രീയും പുരുഷനും വിവാഹ ഉടമ്പടിയിലൂടെ തങ്ങളെ സമര്‍പ്പിക്കുന്നു എന്നാണ് ക്രിസ്തീയ സങ്കല്‍പം.
രണ്ട് സവിശേഷതകളുണ്ട് ക്രിസ്ത്യന്‍ വിവാഹത്തിന്. ഏകത്വവും അഭേദ്യതയും. ഒരു പുരുഷന്‍ ഒരു സ്ത്രീയോടുമാത്രം ചേരുക എന്നതാണ് ഏകത്വം കൊണ്ട് വിവക്ഷിക്കുന്നത്. കുടുംബജീവിതത്തിന്റെ ഭദ്രത കാക്കാന്‍ ഇത് അനിവാര്യമാണെന്ന് അവര്‍ കരുതുന്നു. ക്രൈസ്തവവിവാഹം വേര്‍പ്പെടുത്താന്‍ കഴിയാത്തതുമാണ്. പുരുഷനും സ്ത്രീയുമായുള്ള വിവാഹബന്ധം മരണം വരെ അഭേദ്യമായി തുടരണം.
കണ്ണുണ്ടായാല്‍ പോര കാണണം...see with your heart