ഹദീസ്

എന്താണ് ഹദീസ് ?

ഇസ്ലാമിന്റെ ദ്വിതീയ പ്രമാണമാണ് ഹദീസ്. പ്രഥമ പ്രമാണമായ ഖുര്‍ആന്റെ ആധികാരിക വ്യാഖ്യാനവും വിശദീകരണവുമത്രെ അത്. ഇജ്മാഅ്, ഖിയാസ് തുടങ്ങിയ വേറെയും പ്രമാണങ്ങളുണ്ടെങ്കിലും അവയൊന്നും ഖുര്‍ആനെയും ഹദീസിനെയും പോലെ സ്വതന്ത്ര പ്രമാണങ്ങളല്ല. മറിച്ച്, ഖുര്‍ആന്റെയും ഹദീസിന്റെയും അടിത്തറയില്‍ നിന്നുകൊണ്ട് അതതു കാലത്തെ പണ്ഡിതന്‍മാര്‍ ഇജ്തിഹാദി(ഗവേഷണം)ലൂടെ വികസിപ്പിച്ചെടുക്കുന്ന ഉപപ്രമാണങ്ങള്‍ മാത്രമാണവ.

മൊഴി, വൃത്താന്തം, വാര്‍ത്ത എന്നെല്ലാമാണ് ഹദീസിന്റെ ഭാഷാര്‍ഥം. സാങ്കേതികമായി പ്രവാചകന്‍(സ)യുടെ വാക്കും പ്രവൃത്തിയും അംഗീകാരവുമാണ് ഹദീസ്. പ്രവാചകനെക്കുറിച്ച വിശേഷണം, വര്‍ണന, പ്രവാചകചരിത്രം തുടങ്ങിയവയും ഹദീസിന്റെ വിവക്ഷയില്‍ വരുന്നു. സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍ അര്‍ഥത്തിലും ആശയത്തിലും നേരിയ വ്യത്യാസമുണ്ടെങ്കിലും സുന്നത്ത്, ഖബര്‍, അസര്‍ തുടങ്ങിയ വാക്കുകളും ഹദീസിന്റെ പര്യായ പദങ്ങളായി ഉപയോഗിക്കപ്പെടുന്നുണ്ട്.

ഖുര്‍ആന്‍ മാനവരാശിക്കായി അല്ലാഹു അവതരിപ്പിച്ച സന്ദേശ സമുച്ചയമാണ്. എന്നാല്‍, ഖുര്‍ആന്റെ ആധികാരിക വ്യാഖ്യാതാവും കര്‍മമാതൃകയുമായ പ്രവാചകന്റെ അധ്യാപന സമാഹാരമാണ് ഹദീസ്. തിരുദൂതരുടെ പരിശുദ്ധ ജീവിതവുമായി ബന്ധപ്പെട്ടുണ്ടായ സവിശേഷ വിജ്ഞാന ശാഖയാണ് അത്.
പ്രവാചകനും അനുയായികളും പരസ്പരം അടുത്തിടപഴകിയാണ് കഴിഞ്ഞിരുന്നത്. പള്ളിയിലും അങ്ങാടിയിലും യാത്രയിലും മറ്റും അനുയായികളില്‍ ആരെങ്കിലും നബി(സ)യോടൊപ്പം ഉണ്ടാകും. അവര്‍ പ്രവാചകജീവിതം സൂക്ഷ്മമായ പഠനനിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. അതിനാല്‍, നബിയുടെ കര്‍മങ്ങളും വചനങ്ങളും സാകൂതം ശ്രദ്ധിക്കുകയും പഠിക്കുകയും ഹൃദയത്തില്‍ കൃത്യമായി സൂക്ഷിക്കുകയും ജനസമക്ഷം ഉദ്ധരിക്കുകയും ചെയ്തിരുന്നു അവര്‍. 'ഹദീസ്' എന്ന ഇസ്ലാമിലെ ബൃഹത്തായ വൈജ്ഞാനിക ശാഖ ഉടലെടുക്കുന്നത് ഈ രീതിയിലാണ്.

സഫലമായ മര്‍ത്യജീവിതത്തിന് അല്ലാഹു അനുഗ്രഹിച്ചരുളിയ സമ്പൂര്‍ണമാതൃകയാണ് മുഹമ്മദീയചര്യ. മുഹമ്മദ് നബി(സ)യുടെ ആദര്‍ശം ആ ജീവിതം തന്നെയായിരുന്നു. ആ ജീവിതത്തിന്റെ ഓരോ അനക്കവും അടക്കവും അദ്ദേഹം പ്രതിനിധാനം ചെയ്ത ആദര്‍ശത്തിന്റെ സ്പന്ദനങ്ങളായിരുന്നു. ആ സ്പന്ദനങ്ങളൊപ്പിയെടുത്ത പ്രവാചക ശിഷ്യന്‍മാര്‍ പിന്‍തലമുറക്ക് പ്രകാശം ചൊരിയാന്‍ സൂക്ഷിച്ചുവെച്ച മുത്തുകളാണ് ഹദീസുകള്‍. ആ മുത്തുകളെ, അവയുടെ വെളിച്ചത്തെ അവഗണിക്കുന്നവര്‍ പ്രവാചകനെ അറിയുന്നില്ല. ഇസ്ലാമില്‍ ജീവിക്കുന്നുമില്ല.

വാസ്തവത്തില്‍ പ്രവാചകജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് ഹദീസുകള്‍. പ്രവാചകശിഷ്യന്മാര്‍ അവരുടെ പിന്മുറക്കാര്‍ക്കുവേണ്ടി ഒരമൂല്യനിധിയായി അതിനെ കാത്തുസൂക്ഷിച്ചു. ഒരു ചരിത്രാന്വേഷകന്റെ ദൃഷ്ടിയില്‍ അത് ചരിത്രം മിന്നുന്ന സുവര്‍ണ ശകലങ്ങള്‍ തന്നെ. ധര്‍മശാസ്ത്ര പഠിതാവിന്റെ ദൃഷ്ടിയില്‍ ആധികാരിക ധര്‍മശാസ്ത്ര പ്രമാണങ്ങളാണ്. ദാര്‍ശനികദൃഷ്ടിയില്‍ ജീവിതദര്‍ശനങ്ങളുടെ പ്രായോഗിക രൂപങ്ങളും. ഇങ്ങനെ വൈവിധ്യമാര്‍ന്ന അനേകം മാനങ്ങളില്‍ ഹദീസുകള്‍ വിവക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ ഹദീസുകളെല്ലാം സമ്പൂര്‍ണമായി സമാഹരിച്ച് ഓരോന്നും യഥാസ്ഥാനങ്ങളില്‍ വെച്ചു വായിക്കുമ്പോള്‍ ഏറ്റവും സത്യസന്ധമായ പ്രവാചകചരിത്രം ലഭിക്കുന്നു.

പ്രവാചകശിക്ഷ്യന്മാര്‍ തിരുജീവിതത്തില്‍ നേരിട്ടുകണ്ടറിഞ്ഞ കാര്യങ്ങള്‍ രേഖപ്പെടുത്തിയതാണ് ഹദീസ്. അവരുടെയോ അവരില്‍നിന്നുദ്ധരിച്ചവരുടെയോ വകയായി നിരൂപണമോ വ്യാഖ്യാനമോ അതിലുണ്ടാവില്ല. പ്രവാചകനില്‍നിന്ന് ഗ്രന്ഥകാരനിലോളം ആര്‍, ആരില്‍നിന്ന്, ആരോടുദ്ധരിച്ചു, അവര്‍ ആരോടുദ്ധരിച്ചു എന്നിങ്ങനെ വിശ്വസ്തരും ആധികാരികരുമായ ആളുകളിലൂടെ കണ്ണിമുറിയാതെ ഉദ്ധരിക്കപ്പെട്ടതേ സാധുവായ ഹദീസായി അംഗീകരിക്കപ്പെടുകയുള്ളു. ഉദ്ധാരകശൃംഖലയില്‍ എവിടെയെങ്കിലും കണ്ണിമുറിയുകയോ ഏതെങ്കിലും ഉദ്ധാരകന്റെ വിശ്വാസ്യത സംശയാസ്പദമാവുകയോ ചെയ്താല്‍ ഒരു ഹദീസ് ദുര്‍ബലമായി. 'എ' , 'ബി' യോട്, 'ബി' , 'സി' യോട്, 'സി' , 'ഡി' യോട്, 'ഡി' ഗ്രന്ഥകാരനോട് എന്നിങ്ങനെയാണ് നിവേദക ശൃഖല. 'ബി' യോടുള്ള 'എ' യുടെ നിവേദനം പ്രാമാണികമാകണമെങ്കില്‍ 'എ' യും 'ബി' യും വിശ്വസ്തരും സമകാലികരുമാണെന്നും തമ്മില്‍ കണ്ടുമുട്ടിയിട്ടുള്ളവരാണെന്നും ചരിത്രദൃഷ്ട്യ തെളിയണം. ഈ വിധം ഹദീസുകളെ നിരൂപണവിധേയമാക്കുകയും സംശോധിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന വിജ്ഞാന ശാഖയാണ് ‏‏‏‏ ഉലൂമുല്‍ ഹദീസ്. അവയില്‍ ഹദീസ് വചനങ്ങള്‍ നിരൂപണ വ്യാഖ്യാനങ്ങളുമായി കലര്‍ന്നുപോകാതെ വേറെത്തന്നെ രേഖപ്പെടുത്തിയിരിക്കും.

നബിചര്യയുടെ പ്രസക്തിയും മൂല്യവും മുസ്ലിംകള്‍ സാര്‍വത്രികമായി അംഗീകരിച്ചിട്ടുണ്ട്. സാമൂഹികവും സാമ്പത്തികവും ധാര്‍മികവും രാഷ്ട്രീയവും ആരാധനാപരവുമായ രംഗങ്ങളിലഖിലവും വിശ്വാസം പൂര്‍ത്തീകരിക്കേണ്ടതിന് സുന്നത്ത് പിന്‍പറ്റേണ്ടത് അനിവാര്യമത്രെ. പ്രവാചകനെ അനുസരിക്കുന്നത് ദൈവത്തിനുള്ള അനുസരണം തന്നെയാണെന്ന് ഖുര്‍ആന്‍ ഉണര്‍ത്തി. നബിയുടെ വാക്കുകളുടെ പ്രാമാണികത ഖുര്‍ആന്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു: "പ്രവാചകന്‍ നല്‍കുന്നതെന്തോ അത് സ്വീകരിപ്പിന്‍. അദ്ദേഹം എന്തു വിലക്കുന്നുവോ അതില്‍നിന്ന് പിന്മാറുവിന്‍. അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുവിന്‍'' (59:7). തര്‍ക്കപരിഹാരങ്ങള്‍ക്ക് പ്രവാചകനെ സമീപിക്കാനും അദ്ദേഹത്തിന്റെ തീര്‍പ്പ് മാനിക്കാനും ഖുര്‍ആന്‍ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. നബിയുടെ അനുചരര്‍ ഈ കല്‍പനകള്‍ അനുസരിച്ച് പ്രവാചകന്റെ ഓരോ നിര്‍ദേശവും ആവശ്യപ്പെട്ട രീതിയില്‍ സ്വയം സന്നദ്ധരായി നിറവേറ്റി.

പ്രവാചകന്റെ ജീവിതകാലത്ത് സുന്നത്തിന്റെ സിംഹഭാഗവും സഹചരര്‍ നേരില്‍ ദര്‍ശിച്ചു. ഏതെങ്കിലും സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ സന്നിധിയില്‍ ഹാജരാവാന്‍ കഴിയാതെപോയവര്‍ അപ്പോഴത്തെ കാര്യങ്ങള്‍ പരസ്പരമാരാഞ്ഞും പ്രവാചകനോട് നേരില്‍ ചോദിച്ചും മനസ്സിലാക്കി. പ്രവാചകന്‍ മഹാനായ ചരിത്രപുരുഷനായതിനാല്‍ വലുതും ചെറുതുമായ വാക്കുകളും പ്രവൃത്തികളുമൊന്നും സഹചരാല്‍ ശ്രദ്ധിക്കപ്പെടാതെ പോയില്ല. അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി തുടങ്ങിയ ശിഷ്യന്മാര്‍ സദാ നബിയുമായി സഹവസിക്കുകയും ഓരോ നിമിഷവും അദ്ദേഹം ചെയ്തിരുന്ന പ്രവൃത്തികളും അരുളിയ വചനങ്ങളും ഹൃദിസ്ഥമാക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പ്രവാചകന്റെ വിയോഗാനന്തരം അവര്‍ പരസ്പരം അന്വേഷിച്ച് സംശയനിവാരണം നടത്തി. തിരുചര്യ ഈ വിധം നേരില്‍ ശ്രവിക്കപ്പെട്ട്, അനേകര്‍ ദൃക്സാക്ഷികളായി നിവേദനം ചെയ്യപ്പെട്ടും രേഖപ്പെടുത്തപ്പെട്ടും തലമുറകളിലേക്ക് സംക്രമിച്ചു. ഹിജ്റ മൂന്നാം നൂറ്റാണ്ടില്‍ ആറു പ്രാമാണിക ഗ്രന്ഥങ്ങളിലായി ഹദീസ് ക്രോഡീകരിക്കപ്പെട്ടു. ഇവ സ്വിഹാഹുസ്സിത്തഃ എന്ന പേരിലറിയപ്പെടുന്നു. ബുഖാരി (ഹി. 194-256), മുസ്ലിം (ഹി. 204-261), ഇബ്നുമാജ (209-273), അബൂദാവൂദ് (202-275), തിര്‍മിദി (209-279), നസാഈ (214-303) എന്നിവരാണ് ഈ സമാഹാരങ്ങള്‍ ക്രോഡീകരിച്ചത്. ഇവരില്‍ ബുഖാരിയും മുസ്ലിമും ഏറ്റവും പ്രാമാണികരായി ഗണിക്കപ്പെടുന്നു.

ഇസ്ലാമികസന്ദേശത്തിലൂടെ ജനങ്ങളില്‍ മൌലികപരിവര്‍ത്തനമാണ് പ്രവാചകന്‍ കാഴ്ചവച്ചത്. ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം ജനങ്ങള്‍ക്ക് പരമോദാത്തമാതൃകയായി, പ്രകാശഗോപുരമായി വിരാജിച്ചു. അല്ലാഹുവിനും പ്രവാചകനും കീഴ്പ്പെട്ടവര്‍ (മുസ്ലിംകള്‍) ആയിരുന്നു അവര്‍. ഇസ്ലാമികലക്ഷ്യത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ചവരായിരുന്നു പ്രവാചകന്റെ അനുചരര്‍. പ്രവാചകന്റെ വീക്ഷണത്തെ ഖുര്‍ആന്‍ സ്ഥിരീകരിച്ചു. അന്തിമമായ വഹ്യ് (ദിവ്യവെളിപാട്) ഇങ്ങനെയായിരുന്നു:

"ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തീകരിച്ചുതന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് നിറവേറ്റിത്തരികയും മതമായി ഇസ്ലാമിനെ തൃപ്തിപ്പെട്ടുതരികയും ചെയ്തിരിക്കുന്നു'' (അല്‍ മാഇദ: 3). ഖുര്‍ആന്‍ ഉയര്‍ത്തിക്കാട്ടിയ മൂല്യങ്ങളെ ജീവിതത്തില്‍ സാക്ഷാത്കരിച്ച് പ്രാവര്‍ത്തികമാക്കി പ്രവാചകന്‍ അനുയായികളുടെ ഹൃദയം കവര്‍ന്നു. അല്ലാത്തപക്ഷം അവ കേവലം സൈദ്ധാന്തികരൂപത്തില്‍ മാത്രമേ നിലനില്‍ക്കുമായിരുന്നുള്ളൂ. ആശയങ്ങള്‍ക്ക് അംഗീകരിക്കത്തക്ക മതിപ്പുണ്ടാകുന്നത് അവ പ്രയോഗതലത്തില്‍ പകര്‍ത്തിക്കാട്ടുമ്പോഴാണെന്ന വസ്തുതയ്ക്ക് ആധുനിക വിദ്യാഭ്യാസവിചക്ഷണര്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഇത്തരമൊരു പ്രയോഗസാക്ഷ്യമാണ് പ്രവാചകചര്യയിലൂടെ സംഭവിച്ചത്.

കണ്ണുണ്ടായാല്‍ പോര കാണണം...see with your heart