Monday, February 20, 2012

എന്താണ് ഇസ്ലാം.?

ഇസ്ലാം എന്ന പേര് മറ്റുമതങ്ങളുടേത് പോലെ, ഏതെങ്കിലും വ്യക്തിയുമായോ ദേശവുമായോ സമുദായവുമായോ ബന്ധപ്പെട്ടതല്ല. യേശുക്രിസ്തു സ്ഥാപിച്ച മതം എന്ന സങ്കല്‍പ്പത്തെ ആധാരമാക്കിയാണല്ലോ ക്രിസ്തുമതം ആ പേരില്‍ അറിയപ്പെടുന്നത്. അതുപോലെ ബുദ്ധന്‍ സ്ഥാപിച്ച മതം ബുദ്ധമതം എന്നും ഹിന്ദുസ്ഥാനില്‍ പ്രചരിച്ച മതം ഹിന്ദുമതം എന്നും ജൂതവംശത്തിന്റെ മതം ജൂതമതം എന്നും അറിയപ്പെടുന്നു. എന്നാല്‍ ഇസ്ലാം എന്ന പേര്‍ അവ്വിധം ഉണ്ടായതല്ല. കാരണം, ഇസ്ലാം ഏതെങ്കിലും വ്യക്തിയോ വംശമോ ആവിഷ്കരിച്ച മതമല്ല. ഏതെങ്കിലും സമുദായത്തിനോ ഭൂപ്രദേശത്തിനോ വേണ്ടി ആവിഷ്ക്കരിക്കപ്പെട്ട മതവുമല്ല. അല്ലാഹുവാണ് അതിന്റെ ആവിഷ്കര്‍ത്താവ്. മനുഷ്യവംശത്തിനാകമാനം, അല്ല, സൃ‏ഷ്ടി പ്രപഞ്ചത്തിനാകമാനമുള്ള ദര്‍ശനമാണത്.

ഇസ്ലാമിക ദര്‍ശനത്തിന്റെ നാമം വെളിപ്പെടുത്തുന്നത് ഒരു സവിശേഷ ഗുണത്തെയാണ്. ഇസ്ലാം എന്ന ഗുണം മനുഷ്യരില്‍ സംജാതമാക്കുകയാണ് അതിന്റെ ലക്ഷ്യം. ഗതകാല ജനസമൂഹങ്ങളിലെ ഏതൊക്കെ ആളുകളില്‍ പ്രസ്തുത ഗുണം ഉണ്ടായിരുന്നുവോ അവരെല്ലാം മുസ്ലിംകളായിരുന്നു. ഇന്നും അവരാണ് മുസ്ലിംകള്‍. എന്നും അവര്‍ തന്നെയായിരിക്കും മുസ്ലിംകള്‍.

ഇസ്ലാം എന്നത് ഒരു അറബി പദമാണ്. അനുസരണം, കീഴ്വണക്കം, സമ്പൂര്‍ണ്ണ സമര്‍പ്പണം, സമാധാനം എന്നെല്ലാം അതിനര്‍ഥമുണ്ട്. മറ്റൊരു വിധം പറഞ്ഞാല്‍ ഇസ്ലാം എന്നാല്‍ ദൈവത്തെ അനുസരിക്കലും അവനു കീഴ്വണങ്ങലും അവനില്‍ സര്‍വ്വസ്വം സമര്‍പ്പിക്കലും അങ്ങനെ സമാധാന പൂര്‍ണ്ണമായ ജീവിതം നയിക്കലുമാണ്. ഇസ്ലാം എന്ന പേരിന്റെ പൊരുളും അതാണ്.

കണ്ണുണ്ടായാല്‍ പോര കാണണം...see with your heart